ബംഗളൂരു: പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന് ബംഗളുരുവിൽ തുടക്കമായി.യുവപ്രവാസികളുടെ വിഷയങ്ങളാണ് ആദ്യദിവസത്തിലെ പ്രധാന ചർച്ച.. അതേസമയം ഇത്തവണ ഗർഫ് സെഷൻ ഒഴിവാക്കിയതിനെതിരെ സമ്മേളനത്തിനെത്തിയവർക്കിടയിൽ പ്രതിഷേധം ശക്തമാണ്. രാജ്യ വികസനത്തിൽ യുവത്വത്തിനുള്ള പങ്ക് എന്ന ചർച്ചയോടെയായാണ് പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന് ബംഗളുരുവിൽ തുടക്കമായത്.

കേന്ദ്ര യുവജനകാര്യമന്ത്രി വിജയ് ഗോയൽ, വിദേശകാര്യസഹമന്ത്രി വി.കെ. സിംഗ് എന്നിവർ‍ പങ്കെടുത്ത ചർച്ചയിൽ തെക്കേയമേരിക്കൻ രാജ്യമായ സുറിനാമിന്റെ ഉപരാഷ്ട്രപതി അശ്വിൻ അധിൻ മുഖ്യാതിഥിയായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ നിന്നും മുൻ വർ‍ഷങ്ങളിൽ ഉണ്ടായിരുന്ന ഗ‌ൾഫ് സെഷൻ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിലെ വിഷയങ്ങൾ സമ്മേളനത്തിൽ ആരുടെ മുന്നിൽ ഉന്നയിക്കുമെന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശത്ത് നിന്നെത്തിയ പ്രതിനിധികൾ ചോദിക്കുന്നത്. എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള രാജ്യങ്ങളിലെ കുടിയേറ്റ പ്രശ്നങ്ങളെ കുറിച്ച് മുക്കാൽ മണിക്കൂർ ചർച്ച പ്രവാസി ഭാരതീയ ദിവസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.