കൊച്ചി : സംസ്ഥാനത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം പതിനഞ്ച്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴുപേര്‍. എട്ടുപേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ഇപ്പോള്‍ വധശിക്ഷ ലഭിച്ച അമീര്‍ ഉള്‍ ഇസ്ലാം വിയ്യൂരിലെത്തുമ്പോള്‍ ഇവരുടെ എണ്ണം 16 ആകും. സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെയാണ്. 15 പേരെ കൊന്ന കേസിന് കണ്ണൂര്‍ ജയിലിലാണ് 1991 ജൂെലെ ആറിന് ചന്ദ്രനെ തൂക്കിലേറ്റിയത്. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു പ്രതികള്‍ ഇവരാണ്- 

ആന്‍റണി. ആലുവ മാഞ്ഞൂരാന്‍ കൂട്ടക്കൊലക്കേസ്. ജയിലിലായിട്ട് 12 വര്‍ഷം. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. വധശിക്ഷയ്‌ക്കെതിരേ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍. ഇതേത്തുടര്‍ന്ന് വധശിക്ഷയ്ക്കു സ്‌റ്റേ. ഉണ്ണി- കണിച്ചുകുളങ്ങര കൊലക്കേസ്. റഷീദ്- എറണാകുളം സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. അബ്ദുള്‍ ഗഫൂര്‍- പ്രേമം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി 2013 ല്‍ ശിക്ഷിച്ചു. 

അബ്ദുള്‍ നാസര്‍- ശിക്ഷിച്ചത് മഞ്ചേരി സെഷന്‍സ് കോടതി. ഡേവിഡ്- തൊടുപുഴ പ്രത്യേക കോടതി 2012 ല്‍ വധശിക്ഷ വിധിച്ചു. പ്രദീപ് ബോറ- കോട്ടയം ജില്ലയില്‍ കൈനറ്റിക് റബേഴ്‌സ് ഉടമ ശ്രീധറിനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസ്. പാലക്കാട് സ്വദേശി റെജികുമാര്‍- ഭാര്യയേയും രണ്ടു പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയ കേസ്. വിശ്വരാജന്‍- കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്. രാജേഷ് കുമാര്‍- വെമ്പായത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസ്. സന്തോഷ് കുമാര്‍- മാവേലിക്കരയില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസ്. ഷെരീഫ്- ചിറയിന്‍കീഴ് സ്വദേശി. 

നിനോ മാത്യു- ആറ്റിങ്ങല്‍ കൊലപാതക കേസ്. വധശിക്ഷാ തടവുകാരുടെ ജയില്‍വാസം ഇവര്‍ ഏകാന്തവാസമാണ് അനുഭവിക്കുക. മറ്റു തടവുകാരുമായി ഇടപഴകാന്‍ അനുവദിക്കുകയില്ല. ഇവരെ മറ്റു ജയില്‍പ്പുള്ളികള്‍ക്കുള്ളതുപോലെ ജയില്‍ ജോലികള്‍ ചെയ്യിക്കാറില്ല. കനത്ത സുരക്ഷയിലാണ് പ്രതികള്‍ കഴിയുന്നത്.