ഇന്ത്യന്‍ എംബസി ഒഴികെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ നിന്നുള്ള കണക്കു പ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരുടെ എണ്ണം 1,200നു മുകളില്‍ വരുമെന്നാണ് സൂചന. ഇത് വരെയായി ബംഗ്ലാദേശില്‍ നിന്നുള്ള 700 പേരും, ശ്രീലങ്കക്കാരായ 450 പേരും നേപ്പാളികളായ 229 പേരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങിയതായി അതാതു എംബസ്സി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇനിയും പലരും ആവശ്യമായ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷിച്ചു ഊഴം കാത്തിരിക്കുകയാണ്. അതെസമയം വിദേശികളില്‍ എണ്ണത്തില്‍ കൂടുതലുള്ള ഇന്ത്യക്കാരില്‍ എത്ര പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയെന്നത് സംബന്ധിച്ച കണക്കുകള്‍ ഇന്ത്യന്‍ എംബസി നല്‍കാന്‍ തയാറായില്ല. പൊതുമാപ്പിന്റെ ആനുകൂല്യം തേടുന്ന ഇന്ത്യക്കാര്‍ 6000 മുതല്‍ 8000 വരെയാകുമെന്നായിരുന്നു എംബസി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. 

എന്നാല്‍ പൊതുമാപ്പ് കാലാവധിയുടെ പകുതി പിന്നിട്ടിട്ടും ഇതിന്റെ പത്തുശതമാനം പോലും ഇനിയും സഹായം തേടി എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നും കാര്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. വിവിധ മലയാളി സംഘടനകളുടെ ഹെല്‍പ് ഡെസ്കുകളുടെ സഹായത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയവര്‍ നൂറില്‍ താഴെ മാത്രമാണ്. ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് പൊതുമാപ്പിന്റെ പ്രയോജനം കൂടുതലായി ലഭിച്ചത്. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി നാല്‍പ്പതിലധികം ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സഹായം തേടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.