അഹമ്മദാബാദ്: ഗുജറാത്തില്‍ 3,500 കോടിയുടെ ലഹരിമരുന്നുവേട്ട. പോര്‍ബന്ധറിനടുത്ത് കപ്പലില്‍ കടത്തുകയായിരുന്ന ഹെറോയിനുമായി എട്ടുപേര്‍ പിടിയിലയി. തീരദേശ-നാവികസേനകളും പൊലീസും നടത്തിയ പരിശോധനയിലാണ് 1500 കിലോ ഹെറോയിന്‍ കണ്ടെത്തിയത്.

ചരക്കുകപ്പലില്‍ ലഹരിമരുന്നെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ടു ദിവസമായി സുരക്ഷാവിഭാഗങ്ങള്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് സംഭവം. പിടിയിലായ എട്ടുപേരും ഇന്ത്യന്‍ വംശജരാണെന്നും, കപ്പല്‍ ഇറാനില്‍നിന്നും ഗുജറാത്തിലേക്ക് വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ രാജ്യാന്തരബന്ധം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത എം വി ഹെന്‍റി എന്ന കപ്പലിലാണ് ഹെറോയിന്‍ കടത്തിയത്. ഇന്ത്യന്‍ തീരത്ത് അടുത്തിടെ നടക്കുന്ന ഏറ്റവുംവലിയ ലഹരിമരുന്നുവേട്ടയാണിത്.