2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും പിന്തുണയോടെ ഭരണം തുടരുന്ന ഷേഖ് സാബാ മറ്റു ഭരാണാധികാരികളില്‍ നിന്നു വ്യത്യസ്തനാവുകയാണ്. രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍. ജാബെര്‍ ആശുപത്രി, പുതിയ വിമാനത്താവളം, അല്‍ സൂര്‍ എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വന്‍ പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. രാജ്യത്തെ വികസനത്തോടെപ്പം,ലോകത്ത് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം. 

2014 സെപ്തംബറില്‍ ഐക്യരാഷ്‌ട്രസഭ അദ്ദേഹത്തെ മാനുഷിക നേതാവെന്ന ബഹുമതി നല്‍കി ആദരിച്ചു. ഷേഖ് സാബായ്‌ക്ക് ജനങ്ങളോടുള്ള സ്നേഹവും വാത്സല്യവും പ്രകടമായ സംഭവമാണ് സിറ്റിയിലെ ഇമാം അല്സാദിഖ് മോസ്കില്‍ നടന്ന ദാരുണമായ ബോംബാക്രമണം. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദുരന്തസ്ഥലത്ത് ഉടന്ർ തന്നെ സുരക്ഷ ഭടന്മാരുടെ അകമ്പടിയില്ലാതെ പാഞ്ഞെത്തിയ അദ്ദേഹം, ഇതെല്ലാം എന്റെ കുഞ്ഞുങ്ങളാണ് എന്നു പറഞ്ഞുത് കൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എല്ലാവരെയും വികാരഭരിതരാക്കിയിരുന്നു. രാജ്യത്തിന്റെ നേതൃസ്ഥാനത്ത് 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയോടൊപ്പം കുവൈറ്റ് ജനതയും ആഹ്ലാദിക്കുകയാണ്.