2001 സെപ്തംബര്‍ 11 പുലര്‍ന്നത് പതിവുപോലെ ഒരു സാധാരണ ഞായറാഴ്ചയിലേക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ ലോകക്രമം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ദിവസമായി 2001 സെപ്തംബര്‍ 11 മാറി. ലോകം നടുങ്ങിത്തരിച്ചുപോയ മണിക്കൂറുകളായിരുന്നു അത്. 110 നിലയുള്ള ലോകവ്യാപാര കേന്ദ്രത്തിലേക്ക് രണ്ട് യാത്രാവിമാനങ്ങള്‍ ഇടിച്ചിറങ്ങി. പ്രഥമ ലോകശക്തി എന്നഭിമാനിക്കുന്ന അമേരിക്ക വിറങ്ങലിച്ചുപോയ നേരം. 1941 ലെ പേള്‍ ഹാര്‍ബ‍ര്‍ ആക്രമണത്തിന് ശേഷം അമേരിക്ക കണ്ട ഏറ്റവും ചീത്ത ദിവസം കൂടിയായിരുന്നു അത്.

നാല് ദീര്‍ഘദൂര യാത്രാവിമാനങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി റാഞ്ചിയത്. വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്നു എന്ന കാരണം കൊണ്ടാണ് വലിയ വിമാനങ്ങള്‍ തന്നെ തെരഞ്ഞെടുത്തത്. ആദ്യ വിമാനം ലോക വ്യാപാരകേന്ദ്രത്തിനറെ ഒന്നാമത്തെ ടവറിലേക്ക് ഇടിച്ചിറങ്ങിയത് രാവിലെ 8.46ന്. രണ്ടാമത്തെ വിമാനം ഇരട്ടഗോപുരങ്ങളില്‍ രണ്ടാമത്തേതിലേക്ക് വന്നിടിച്ച് പൊട്ടിത്തെറിച്ചത് 9.03ന്. 9.37ന് മൂന്നാം വിമാനം പെന്റഗണിലേക്ക് ഇടിച്ചിറങ്ങി. വാഷിംഗ്ടണ്‍ ഡി.സി ലക്ഷ്യംവച്ച നാലാം വിമാനം യാത്രക്കാരുമായി പെന്‍സില്‍വാനിയക്ക് സമീപം തകര്‍ന്നു വീണപ്പോള്‍ സമയം 10.03മി. അല്‍ ഖ്വയ്ദയുടെ 19 ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. നാലുവിമാനങ്ങളിലുമായി ഉണ്ടായിരുന്ന 246 പേരില്‍ ആരും രക്ഷപ്പെട്ടില്ല. 2,996 പേര്‍ക്കാണ് ആകെ ജീവന്‍ നഷ്‌ടമായത്. കത്തുന്ന ഇരട്ടഗോപുരങ്ങളില്‍ നിന്ന് പ്രാണഭയത്താല്‍ ചാടിയാണ് 200ലേറെപ്പേര്‍ മരിച്ചത്. 411 രക്ഷാപ്രവര്‍ത്തകരും മരിച്ചു. 

മരണത്തിന്‍റെ വ്യാപാരികള്‍ ഇരട്ടഗോപുരങ്ങളില്‍ കൊളുത്തിയ നാശത്തിന്റെ ആ തീ പിന്നെയും നിന്നുകത്തി. അല്‍ ഖ്വയ്ദയെ തകര്‍ക്കാന്‍ അമേരിക്ക നടത്തിയ അഫ്ഗാന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് നിരപരാധികള് മരിച്ചു‍. അല്‍ ഖ്വയ്ദയില്‍ നിന്ന് പ്രചോദനം കിട്ടി ഉയര്‍ന്നുവന്ന അല്‍ ഷബാബും ഐ.എസും അടക്കമുള്ള നിരവധി ഭീകര സംഘടനകള്‍, ഇന്നും മരണം പെയ്തുകൊണ്ടിരിക്കുന്ന വിദൂര ഭൂപ്രദേശങ്ങള്‍... ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞ ഗ്രൗണ്ട് സീറോ ഇന്ന് ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ പേറുന്ന മ്യൂസിയമാണ്. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആയിരക്കണക്കിനാളുകളാണ് ഓര്‍മ്മപ്പൂക്കളുമായി ഇവിടേക്കെത്തുന്നത്. നിരപരാധികളുടെ ജീവനെടുക്കുന്ന കിരാതശക്തികള്‍ക്കെതിരെ ലോകമനസാക്ഷി ഉണര്‍ന്നുകൊണ്ടേ ഇരിക്കുന്നു എന്നത് ഈ ദിവസം പ്രത്യാശയുടേയും ദിവസമാക്കുന്നു.