പെണ്‍കുട്ടിയെ മുഖ്യപ്രതിയായ വിക്കി എന്നയാല്‍ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു.

പുതുച്ചേരി: പുതുച്ചേരിയില്‍ 16 വയസുകാരിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പോക്‌സോ വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഈ മാസം 17-ാം തീയതിയാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ മുഖ്യപ്രതിയായ വിക്കി എന്നയാല്‍ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു. തിരുകണ്ണൂരിലെ ആളൊഴിഞ്ഞ ഫാമില്‍ വച്ച് വിക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി ഇയാളുടെ ഏഴ് സുഹൃത്തുക്കളും പീഡിപ്പിച്ചു... മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞത്. 

രക്ഷിതാക്കളുടെ പരാതിയില്‍ തിരുകണ്ണൂര്‍ പൊലീസ് പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. വിക്കി, സുഹൃത്തുക്കളായ മുഗിലന്‍, കണ്ണദാസന്‍, സൂര്യ, അശോക്, ദേവ, കാല, സൂരിയ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നു. വിവരമറിഞ്ഞ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തു.