മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് സംഭവം.  പെണ്‍കുട്ടിയുടെ അമ്മയാണ് മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിപ്പെട്ടത്. 

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഇരുവരും ചേര്‍ന്ന് പീഡന ദൃശ്യങ്ങള്‍  മൊബൈലില്‍ പകര്‍ത്തി. സംഭവത്തില്‍  പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ വസീം, ബന്ധു തന്‍വീര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വിവരം പുറത്തറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍  പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് താന്‍ വസീമിനെ വിവാഹം കഴിച്ചതെന്നും  പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിച്ചടുണ്ട്.