മൊസൂള്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ നിന്നും പിടികൂടി തടങ്കലില്‍ കഴിയുന്ന ജര്‍മ്മന്‍ സ്വദേശി ലിന്‍ഡ ഡബ്യുവിന്‍റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു. ഐഎസിലെ നരകയാതനകള്‍ക്ക് ശേഷം ജന്മനാടായ ജര്‍മ്മനിയിലേക്ക് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15-മത്തെ വയസ്സില്‍ വീട് വിട്ട് ഇറങ്ങിയാണ് ലിന്‍ഡ ഐഎസിലേക്ക് പോയത്.
ഇവരുടെ കൊടും ക്രൂരതകളില്‍ ആകൃഷ്ടയായാണ് നാടുവിട്ടത്. എന്നാല്‍, ഇറാഖി സേനയുടെ കനത്ത തിരിച്ചടികളില്‍ ഐഎസ് ഭീകരര്‍ തോറ്റ് പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ ലിന്‍ഡയും സംഘവും സൈന്യത്തിന്‍റെ പിടിയിലാകുകയായിരുന്നു. ഭയന്ന് വിറച്ച മുഖത്തോടെയുള്ള ലിന്‍ഡയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ലിന്‍ഡയുടെ ഇടതു കാലിന് വെടിയേറ്റിട്ടുണ്ട്, ഇതിനു പുറമെ ലിന്‍ഡയുടെ വലതു മുട്ടുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സൈന്യം പിടികൂടിയ ലിന്‍ഡയെ ബാഗ്ദാദിലുള്ള മിലിട്ടറി കോംപ്ലക്‌സിലെ ജയിലിടയ്ക്കുകയും ചെയ്തു. ഇവിടെ എത്തിയ ജര്‍മ്മന്‍ ജേര്‍ണലിസ്റ്റാണ് ലിന്‍ഡയെ അഭിമുഖം ചെയ്തിരിക്കുന്നത്. തനിക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്നും തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം എന്ന് ലിന്‍ഡ പറഞ്ഞു. വെടിയൊച്ചകളുടെയും യുദ്ധത്തിന്റെയും ഇടയില്‍ തനിക്ക് ഇനി ജീവിക്കാന്‍ സാധിക്കില്ല, ചെയ്തത് തെറ്റാണ്, എത്രയും വേഗം ജന്മനാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നു, ലിന്‍ഡ പറഞ്ഞു.
നവമാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നതിനിടെ പരിചയപ്പെട്ട് യുവാവാണ് ഇവരെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീടുവിട്ട ഇവര്‍ പേരും മാറ്റിയിരുന്നു. വിചാരണകള്‍ക്കിടയില്‍ ലിന്‍ഡയെ നാട്ടിലെത്തിക്കാന്‍ ജര്‍മ്മന്‍ എംബസി അധികൃതര്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
