നാസിക് ജില്ലയിലെ ത്രയംബകേശ്വറിലാണ് മറാത്താ വിഭാഗത്തില്‍പ്പെട്ട അ‍ഞ്ച് വയസ്സുകാരി പീഡനത്തിനിരയായത്. പതിനേഴുകാരന്‍ കുഞ്ഞിനെ വിജനമായ സ്ഥലത്തേയ്‌ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് 2000ത്തോളം മറാത്താ പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. സംസ്ഥാനത്ത് പീഡനം തുടര്‍ക്കഥയായ സാഹചര്യത്തില്‍ ഏതാനും മാസങ്ങളായി മറാത്താ വിഭാഗം പ്രക്ഷോഭം നടത്തിവരികയാണ്. പീഡന വാര്‍ത്ത പുറത്തുവന്നതോടെ പ്രക്ഷോഭകര്‍ സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. സംഭവത്തെത്തുടര്‍ന്ന് തിരക്കേറിയ മുംബൈ- ആഗ്ര ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടായി. പെണ്‍കുട്ടിയെ വനിതാ ഡോക്ടര്‍ ചികില്‍സിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിലും പ്രക്ഷോഭകര്‍ തടിച്ചുകൂടി. ബലാല്‍സംഘത്തിനു പുറമേ പോക്‌സോയും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ഉത്തരവിട്ടു. നാസിക്കിലും സമീപ പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി.