പത്തനംതിട്ട: ഇറങ്ങി വരാനാവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിന്റെ പേരില്‍ യുവാവ്‌ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. 88 ശതമാനം പൊള്ളലോടെ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടമ്മനിട്ട കല്ലേലിമുക്ക്‌ കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം. കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവാണ്‌ കൃത്യം നടത്തിയത്‌. സംഭവത്തിന്‌ ശേഷം ഇയാള്‍ ഒളിവിലാണ്‌. പെണ്‍കുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന്‌ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ്‌ തെങ്ങു കയറ്റത്തൊഴിലാളിയാണ്‌. മാതാവ്‌ അയല്‍ വീടുകളില്‍ ജോലിക്ക്‌ പോകുന്നു. പഠനം അവസാനിപ്പിച്ച പെണ്‍കുട്ടി വീട്ടില്‍ നില്‍ക്കുകയാണ്‌. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ്‌ സംഭവം. വൈകിട്ട്‌ അഞ്ചരയോടെ വീടിന്‌ സമീപം ചെന്ന്‌ നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി.

Add Asianetnews as a Preferred SourcegooglePreferred

ഒരു മണിക്കൂറിന്‌ ശേഷം കന്നാസില്‍ പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിയ്‌ക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നുമാണ്‌ സമീപവാസികള്‍ പറയുന്നത്‌. ഇതിന്‌ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. ജില്ലാ പോലീസ്‌ മേധാവി സതീഷ്‌ ബിനോയും ആറന്മുള സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ്‌ സംഘവും സ്‌ഥലത്തെത്തി. പ്രതിയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്‌.