തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ പിണറായി വിജയന്‍റെ വാടക വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിക്കുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ പിണറായി വിജയന്‍റെ വാടക വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിക്കുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് പൊലീസ് കസ്റ്റഡിയില്‍. കൂടാതെ സിപിഎം പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബേക്കറി ജങ്ഷൻ പരിസരത്ത് സംഘർഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രവർത്തകർ കസ്റ്റഡിയിലും പ്രതിഷേധം തുടരുകയാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്‍റെ ചില്ലുപൊട്ടി സിപിഎം പ്രവർത്തകന്‍റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കണ്ണിനു പരിക്കെറ്റ ഒരു ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ടാണെന്ന് ഇ ഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു. സംഭവ സമയത്ത് പൊലീസ് സുരക്ഷ ഇല്ലായിരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഏകദേശം 8 മണിക്കൂറുകൾക്ക് ശേഷം നിലവിൽ ഇഡി പരിശോധന പൂർത്തിയായിട്ടുണ്ട്. പരിശോധന പൂർത്തിയാക്കി ഉദ്യോ​ഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സം​ഘർഷമാണ് ഉണ്ടായത്. ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.