അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടുമെന്ന സംശയത്താല്‍ 17കാരിയായ പെണ്‍കുട്ടിയെ അച്ഛനും അമ്മയും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് ഇന്ന് രാവിലെ ദുരഭിമാനക്കൊല നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. നെരഡിഗൊണ്ട സ്വദേശിയായ ലക്ഷ്മണ്‍ സിങ് എന്നയാളാണ് ഭാര്യ ചന്ദ്രകല, അമ്മ പാഞ്ചവതി എന്നിവരുടെ സഹായത്തോടെ സ്വന്തം മകളെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 3.30ഓടെയായിരുന്നു കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി ലക്ഷ്മണ്‍ സിങിന്റെ മകള്‍ പ്രണയത്തിലായിരുന്നു. ഈ യുവാവിനോട് കഴിഞ്ഞദിവസം തന്റെ വീട്ടിലെത്തി അച്ഛനോട് സംസാരിക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിലെത്തിയ യുവാവിനോട് ലക്ഷ്മണ്‍ സിങ് ഏറെ നേരം വാഗ്വാദത്തിലേര്‍പ്പെടുകയും തര്‍ക്കിക്കുകയും ചെയ്തു. ഇയാള്‍ മടങ്ങിപ്പോയ ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ മൂവരും ചേര്‍ന്ന് പദ്ധതിയിട്ടത്. പെണ്‍കുട്ടി മറ്റൊരു ജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ അത് കുടുംബത്തിന് ചീത്തപ്പേരാകുമെന്നും പറഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. മൂവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ഔര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷ്മണ്‍ സിങിന് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.
