മദ്രാസ് ഹൈക്കോടതി അയോഗ്യരെന്ന് വിധിച്ച തമിഴ്നാട്ടിലെ 18 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിക്കും. ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാനും നിയമപോരാട്ടം തുടരാനുമാണ് എംഎൽഎമാരുടെ തീരുമാനം. ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. 

മധുര: മുഖ്യമന്ത്രിയ്ക്കെതിരെ നിവേദനം നൽകിയതിന് സ്പീക്കർ അയോഗ്യരാക്കിയ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ്നാട്ടിലെ 18 എംഎൽഎമാർ തീരുമാനിച്ചു. മധുരയിൽ അമ്മ മക്കൾ കഴകം പ്രസിഡന്‍റ് ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇതിനിടെ ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാൻ തയ്യാറാണെന്നും എംഎൽഎമാർ പ്രതികരിച്ചു.

മുമ്പ് കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന്‍റെ കാലത്ത് സമാനമായ രീതിയിൽ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരി വച്ചിരുന്നു. പിന്നീട് അവർക്ക് സുപ്രീംകോടതിയിൽ നിന്നാണ് നീതി കിട്ടിയതെന്നാണ് എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നത്. ഭരണപക്ഷം നിയമത്തിന്‍റെ പഴുതുകളുപയോഗിച്ച് വീണ്ടും മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ എംഎൽഎമാർ തീരുമാനിച്ചത്. 

എന്നാൽ ഹർജിയിൽ ഇടക്കാല ഉത്തരവോ, തീരുമാനമോ വരുന്നതിന് മുമ്പ് സർക്കാരിന്‍റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ പി.ധനപാൽ സുപ്രീംകോടതിയിൽ തടസ്സഹർജിയും നൽകിയിട്ടുണ്ട്.