തിരുച്ചി: മദ്യത്തിന് അടിമയായ 18 കാരന്‍ വീട്ടിന് പുറകിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുച്ചിയിലെ തെന്നൂരിലാണ് എന്‍ ആരിഫ് ഭാഷ തൂങ്ങി മരിച്ചത്. കോളേജ് പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ വീടിന് പുറത്തെ മരത്തിന് മുകളില്‍ തൂങ്ങി മരിക്കുകയായിരുന്നു. 

തൂങ്ങി നില്‍ക്കുന്ന ഭാഷയെ കണ്ടെത്തിയ അയല്‍വാസികളാണ് ഇയാളുടെ അമ്മയെ വിവരം അറിയിച്ചത്. ഭാഷയുടെ അച്ഛന്‍ നേരത്തേ മരിച്ചിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുകൊടുക്കയും ചെയ്തു. 

സ്ഥിരമായി മദ്യപിക്കുന്ന ആളാണ് ഭാഷയെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രി ഭാഷ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയും ബോധം മറയും വരെ മദ്യപിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതുകൊണ്ട് ഇയാള്‍ രാത്രി വീട്ടിലേക്ക് വന്നിരുന്നില്ല. 

അമിതമായ അളവിലുള്ള മദ്യത്തിന്‍റെ ഉപയോഗമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്. എന്നാല്‍ർ പ്രദേശത്തെ യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നുവെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കല്‍ ഷോപ്പുകളിലൂടെ മദ്യവും മയക്കുമരുന്നും യുവാക്കള്‍ക്ക് സുലഭമായി ലഭിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.