ജിദ്ദ: സൗദിയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതുവരെ പിടിയിലായത് 19 ഇന്ത്യാക്കാരെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. ഭീകരപ്രവര്‍ത്തനങ്ങളുടെ തോതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാര്യമായ വര്‍ദ്ധനയുണ്ടായി. 2800 പേരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടിയിലായത്. 1932 മുതല്‍ അറുപത്തിമൂന്ന് ഭീകരാക്രമങ്ങള്‍ ആണ് സൗദിയില്‍ ഉണ്ടായത്. ഇതില്‍ ഇരുപത്തിയാറും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഭീകരാക്രമണങ്ങള്‍ ആണ് നടന്നത്. രണ്ട് വര്‍ഷത്തിനിടെ ഇരുനൂറിലേറെ പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതില്‍ സുരക്ഷാ ഭടന്മാരും സാധാരണക്കാരും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഇതുവരെ 2800 പേരെ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. ഇത്തരം കേസുകളില്‍ ഇതുവരെ അയ്യായിരത്തിലേറെ പേര്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ 4,409 ഉം സൗദികള്‍ ആണ്. 823 വിദേശികളും അറസ്റ്റിലായി. ഇതില്‍ പത്തൊമ്പത് ഇന്ത്യക്കാരും ഇരുപത്തിയൊമ്പത് പാകിസ്ഥാനികളും ഉള്‍പ്പെടും.

ഇനിയും രാജ്യത്ത് ഭീകരാക്രമങ്ങള്‍ക്കുള്ള സാധ്യത ഉള്ളതായി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ഭീകരപ്രവര്‍ത്തകരെ പിന്തുണയ്‌ക്കലും ആളുകളെ റിക്രൂട്ട് ചെയ്യലുമെല്ലാം കുറ്റകരമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്തതായി സംശയിക്കപ്പെടുന്ന 117 ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും പേരു പറഞ്ഞു ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. ഭീകരര്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്ത കേസുകളില്‍ 226 പേര്‍ രാജ്യത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിവിധ രാജ്യങ്ങളുമായി സൗദി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.