ദേവി പ്രിയ ഫേസ്ബുക്കിലൂടെയാണ് 19 കാരനായ സുരേഷിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. ഇവര്‍ തമ്മില്‍ ഒരിക്കല്‍പോലും നേരിട്ട് കണ്ടിരുന്നില്ല. ഫേസ്ബുക്കിലൂടെ മാത്രമായിരുന്നു സന്ദേശം കൈമാറല്‍. മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതോടെ അമ്മ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലായ സുരേഷ് എന്ന യുവാവിനൊപ്പം ഒളിച്ചോടാന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥി ദേവി പ്രിയ തീരുമാനിച്ചിരുന്നു. സംഭവം അറിഞ്ഞ അമ്മ ഭാനുമതി ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മകള്‍ കുത്തികൊന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

ദേവി പ്രിയ ഫേസ്ബുക്കിലൂടെയാണ് 19 കാരനായ സുരേഷിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. ഇവര്‍ തമ്മില്‍ ഒരിക്കല്‍പോലും നേരിട്ട് കണ്ടിരുന്നില്ല. ഫേസ്ബുക്കിലൂടെ മാത്രമായിരുന്നു സന്ദേശം കൈമാറല്‍. മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതോടെ അമ്മ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. മൊബൈല്‍ പിടിച്ചുവാങ്ങിയെങ്കിലും കാര്യമുണ്ടായില്ല.

മകള്‍ മറ്റ് വഴികളിലൂടെ സുരേഷുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. വീട്ടില്‍ കാര്യങ്ങള്‍ വീണ്ടും കലുഷിതമായതോടെ ദേവിപ്രിയ ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ദേവി പ്രിയയെ വിളിച്ചുകൊണ്ടുവരാനായി വീട്ടിലേക്ക് രണ്ട് സുഹൃത്തുക്കളെ സുരേഷ് അയച്ചതോടെയാണ് അമ്മയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

കുംഭകോണം സ്വദേശിയായ സുരേഷിന്‍റെ സുഹൃത്തുക്കളായ വിഘ്‌നേഷും സതീഷുമാണ് ദേവിപ്രിയയെ കൊണ്ടുപോകാനായി വീട്ടിലെത്തിയത്. ഇവര്‍ക്കൊപ്പം മകള്‍ ഇറങ്ങിപോകുന്നത് അമ്മ തടഞ്ഞു. വാക്കുതര്‍ക്കം മുക്കുന്നതിനിടയിലാണ് മകള്‍ കത്തിയെടുത്ത് അമ്മയെ കുത്തിയത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഭാനുമതി മരിച്ചു. സംഭവത്തില്‍ ദേവി പ്രിയയെയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിന്‍റെ സുഹൃത്തുക്കുളെയും പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്.