രാജസ്ഥാനില്‍ 19 വയസുകാരന് വധശിക്ഷ രാജസ്ഥാൻ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്​

ജയ്പുര്‍: രാജസ്ഥാനില്‍ കൈക്കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരന് വധശിക്ഷ. രാജസ്ഥാൻ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ രണ്ട് മാസം മുമ്പാണ് ഇയാള്‍ പീഡിപ്പിച്ചത്. 

മെയ്9 ന് രാജസ്ഥാനിലെ ലക്‌സ്മന്‍ഗറിലായിരുന്നു സംഭവം നടന്നത്. ബന്ധുവിനോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുത്താണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അയല്‍വാസിയായിരുന്നു ഇയാള്‍. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഫുട്‌ബോള്‍ മൈതാനത്തിന് നിന്നാണ് മാതാപിതാക്കള്‍ കണ്ടെത്തിയത്.

കുട്ടി 20 ദിവസത്തോളം ആള്‍വാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിരുന്നു. ഇത്തരം കേസുകളില്‍ വധശിക്ഷ ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേയും സംഭവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കുല്‍ദീപ് ജെയിന്‍ പറഞ്ഞു. 

12 വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി രാജസ്ഥാനില്‍ പുതുതായി നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വധശിക്ഷാ വിധിയാണിത്‌. ഈ വര്‍ഷം മാര്‍ച്ചിലാണ് കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതി രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭയും സമാനമായ നിയമം പാസാക്കിയിരുന്നു.