മകളുടെ ശബ്ദം കേട്ട് രക്ഷയ്ക്കെത്തിയ പിതാവിനെ സംഘം മർദ്ദിക്കുകയും സമീപത്തുള്ള മരത്തിൽ കെട്ടിയിടുകയുമായിരുന്നു.
പാട്ന: പത്തൊമ്പതുകാരിയെ പിതാവിന്റെ മുന്നിൽ വെച്ച് ആറംഗസംഘം ബലാത്സംഗത്തിന് ഇരയാക്കി. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീടിനടുത്ത് എത്തിയതായിരുന്നു ആറംഗസംഘം. തുടർന്ന് ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെൺകുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. വീടിനു സമീപമുള്ള ആൾ താമസമില്ലാത്ത പ്രദേശത്തേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ഇവിടെ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മകളുടെ ശബ്ദം കേട്ട് രക്ഷയ്ക്കെത്തിയ പിതാവിനെ സംഘം മർദ്ദിക്കുകയും സമീപത്തുള്ള മരത്തിൽ കെട്ടിയിടുകയും ചെയ്തു. സംഭവത്തിനു ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് സംഘം പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കിഷൻഗഞ്ച് എസ് പി കുമാർ ആഷിഷ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും ആഷിഷ് കൂട്ടിച്ചേർത്തു.
