കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ കൊണ്ടിറക്കിയ ശേഷം അതേ വാഹനം കയറ്റി അതിക്രൂരമായി കൊലപ്പെടുത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് ക്രൂരമായ അതിക്രമം. കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ കൊണ്ടിറക്കി. തിരികെ പോവുന്നതിനിടെ അതേ കാറിടിച്ച് നായയ്ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറത്തിന് സമീപം അട്ടക്കുളത്താണ് സംഭവം.​ വഴിയരികിൽ വച്ച് കാറിൽ നിന്ന് നായയെ പുറത്തിറക്കിയ ശേഷം വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. എന്നാൽ പരിചയമുള്ള വാഹനവും ഉടമയുമായതിനാൽ നായ കാറിന് ചുറ്റും ഓടുകയും അതിന് മുന്നിലേക്ക് വരികയും ചെയ്യുകയായിരുന്നു. ഇതിനിടെ സമീപത്ത് മറ്റ് വാഹനങ്ങൾ വന്നതോടെ കാർ ഡ്രൈവർ വാഹനം റിവേഴ്‌സ് എടുക്കുകയും നായയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ഇതുവഴിയിലൂടെ പോയ പ്രാദേശിക ബൈക്ക് യാത്രക്കാരാണ് സംഭവം ശ്രദ്ധിക്കുന്നത്. നായയുടെ കരച്ചിൽ കേട്ടിട്ടും വാഹനം നിർത്താതെ മുന്നോട്ട് പോയതോടെ സംശയം തോന്നിയ ഇവർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 

ഇതിൽ നിന്നാണ് നായയുടെ ശരീരത്തിലൂടെ കാർ ഒന്നിലധികം തവണ കയറിയിറങ്ങിയെന്ന് വ്യക്തമായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. മൃഗങ്ങളോട് അതിക്രമം കാണിച്ച കാർ തിരിച്ചറിയാനും പ്രതികളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രായമായ നായയെ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിരീക്ഷണം. നായയെ ഇടിച്ചെന്ന് ബൈക്ക് യാത്രികർ പറഞ്ഞതോടെ കാറുമായി എത്തിയവർ വേഗത്തിൽ മുൻപോട്ട് പോവുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം