കൊച്ചി: കൊച്ചി തൈക്കൂടത്ത് 19 കാരിയായ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനൽവേലി സ്വദേശി നിത്യയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മാരിയപ്പനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
തൈക്കൂടം ബണ്ട് റോഡിലെ നിത്യയും ഭർത്താവ് മാരിയപ്പനും താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത് അയൽവാസിയാണ്. പൊലീസെത്തിയപ്പോഴേക്കും ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിസരത്ത് തന്നെ പലചരക്ക് കട നടത്തുന്ന മാരിയപ്പൻ അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് വീട്ടിലെത്തിയത്. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഭർത്താവ് മാരിയപ്പനെ ചോദ്യം ചെയ്ത മരട് പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. തിരുനെൽവേലി സ്വദേശികളായ ഇരുവരും വിവാഹിതരായിട്ട് ആറ് മാസമെ ആയിരുന്നുള്ളൂ.
