കൊട്ടാരക്കര: കൊട്ടാരക്കരക്കടുത്ത് ആര്യങ്കാവില്‍ കെണിയില്‍ പെട്ട് പുലി ചത്ത സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. പുലിയെ കെണിവച്ച് കൊന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ഞായറാഴ്ച രാവിലെയാണ് ആര്യങ്കാവ് വനം റേഞ്ചിന് സമീപം ആറുമുറിക്കടയില്‍ കൃഷിസ്ഥലത്തില്‍വച്ചിരുന്ന കെണിയില്‍ വീണ് പുലി ചത്തത്. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച കമ്പിവലക്കുള്ളിലാണ് കെണി ഒരുക്കിയത്. കുരുക്കില്‍ വീണ പുലിയുടെ വയര്‍ കമ്പിക്കുളളില്‍ മുറുകിയാണ് ചത്തത്. കെണി വച്ച രണ്ട് പേരാണ് പിടിയിലാത്. ആറുമുറിക്കട സ്വദേശികളായ ഷെമീര്‍, രാജപ്പന്‍ പിള്ള എന്നിവരെ വനം വകുപ്പ് ഉദ്യഗസ്ഥര്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കെണി വച്ച വിവരം ഇവര്‍ സമ്മതിക്കുന്നത്. ഷെമീറിന്റെ നിര്‍ദേശപ്രകാരം രാജപ്പന്‍ പിള്ളയാണ് കെണി ഒരുക്കിയത്. പ്രതികള്‍ക്ക് വന്യമൃഗവേട്ടസംഘവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി. കോടതി രണ്ട് പേരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പുലിയുടെ മൃതദേഹം പാലോട് മൃഗാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.