ജമ്മുകാശ്മീര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ സേനയുടെ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ബുര്‍ഹന്‍വാണിയെ വധിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പാകിസ്ഥാന്റെ ഈ പ്രകോപനം. ശ്രീനഗര്‍ ഉള്‍പ്പടെ കശ്മീരിലെ പല മേഖലകളിലും നിരോധനാജ്ഞ തുടരുകയാണ്.
പാകിസ്ഥാന്‍ സേന രാവിലെ ആറരയ്ക്കാണ് പ്രകോപനമില്ലാതെ വെടിവയ്പ് തുടങ്ങിയത്.
പാക് വെടിവെയ്പില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ ജിഇരുപത് ഉച്ചകോടിയില്‍ ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്റെ ആ പ്രകോപനം. പാക് മാധ്യമങ്ങളില്‍ ഇന്ത്യാ ഇസ്രയേല്‍ സഹകരണമാണ് രണ്ടു ദിവസം മുഖ്യ ചര്‍ച്ചയായത്.
ബുര്‍ഹന്‍ വാണിയെ വധിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പാകിസ്ഥാന്‍ നടത്തിയ ഈ വെടിവെയ്പ് വിഘടനവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനാണെന്ന് സൈന്യം കരുതുന്നതു. ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുര്‍ഹന്‍ വാണിയുടെ വീടുള്ള തെക്കന്‍ കശ്മീരിലെ ത്രാലിലും നിരോധനാജ്ഞ തുടരുന്നു. വിഘടനവാദികള്‍ ഇന്ന് ഫ്രീഡം റാലിക്ക് ശ്രമിച്ചെങ്കിലും സേന ഇതു തടഞ്ഞു.
മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം അഞ്ചു ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. ഒപ്പം സാമൂഹ്യ മാധ്യമങ്ങളും നിരോധിച്ചിരിക്കുകയാണ്. ഇതിനിടെ സമാധാന ശ്രമങ്ങള്‍ ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായി യശ്വന്ത് സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
