കേരളത്തിലെ ഏറ്റവും വലിയ ചന്ദനവേട്ടകളിലൊന്നാണിത്

മഞ്ചേരി: കേരളത്തിലെ ഏറ്റവും വലിയ ചന്ദന വേട്ടകളിലൊന്നിൽ മലപ്പുറം മഞ്ചേരിയിൽ രണ്ടായിരം കിലോ ചന്ദനം പിടികൂടി. മഞ്ചേരി പുല്ലാര സ്വദേശി നജ്മുദ്ദീൻ കുരുക്കളുടേയും സഹോദരൻ സലാമിന്റേയും വീടുകളോട് ചേർന്നുള്ള ഷെഡിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. 

പഴക്കമുള്ള ചന്ദനത്തടികളും ഇക്കൂട്ടത്തിലുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 2 കോടി രൂപ വിലമതിക്കുന്ന ചന്ദനമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. പരിശോധന നടക്കുമ്പോൾ നജിമുദ്ദീൻ വീട്ടിലുണ്ടായിരുന്നില്ല. സലാം വിദേശത്തുമാണ്. 

സംഭവത്തിൽ നജിമുദ്ദീനേയും സലാമിന്റെ ഭാര്യയെയും പ്രതിയാക്കി കേസെടുത്തു. നജിമുദ്ദീനായി തെരച്ചിൽ തുടരുകയാണ്. പിടിച്ചെടുത്ത ചന്ദനം നിലമ്പൂർ എടവണ്ണ റേഞ്ചിലെ എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറും.