ദില്ലി: ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ടുജി സ്പെക്ട്രം അഴിമതി കേസിലെ സുപ്രധാന വിധി അനുകൂലമായതോടെ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും താല്‍ക്കാലിക ആശ്വാസം. രാവിലെ മുതല്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് വിധി പ്രസ്താവം കേള്‍ക്കാന‍് കോടതി പരിസരത്തെത്തിയത്.

അനുകൂലവിധി വന്നതോടെ കോടതിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം നടന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കേസ് എന്ന് സുപ്രിം കോടതി വിശേഷിപ്പിച്ച 2ജി സ്പെക്ട്രം കേസിൽ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കിയാണ് സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. കനിമൊഴിയും രാജയുമടക്കം 14 പ്രതികളും കുറ്റവിമുക്തരായി.

രണ്ടാം യുപിഎ സര്‍ക്കാറിന് ഏറെ പഴികേട്ട ആരോപണമാണ് ഇപ്പോള്‍ ഒന്നുമല്ലാതായിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ഊര്‍ജം പകരുന്നതാണ് വിധിയെന്നാണ് നേതാക്കളെല്ലാം പ്രതികരിച്ചത്. പി ചിദംബരമടക്കമുള്ള നേതാക്കള്‍ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായ ആഘോഷ പരിപാടികള്‍ നടത്തുകയാണ്.