ദുബായ്: ദുബായിലെ ആസ്റ്റര്‍ ആശുപത്രിയുടെ പേരില്‍ വ്യാജ നിയമന തട്ടിപ്പ്. ആസ്റ്റര്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍യതിനെ തുടര്‍ന്ന് രണ്ട് പേര്അറസ്റ്റിലായി. ബംഗ്ലാദേശ് സ്വദേശിയായ ഹാറൂണ്‍ റഷിദ് രാജു, നൈജീരിയക്കാരന്‍ തോമസ് എന്നിവരാണ് ഇപ്പോള്‍ ദുബായില്‍ ശിക്ഷ അനുഭവിക്കുന്നത്. രണ്ട് പേര്‍ അറസ്റ്റിലായെങ്കിലും ആസ്റ്ററിന്റെ പേരിലുള്ള ഓഫര്‍ ലെറ്ററുകള്‍ സംഘം ഇപ്പോഴും അയക്കുന്നുണ്ട്.

ആസ്റ്ററിന്റെ ദുബായിലെ ആശുപത്രികളിലേക്കെന്ന് പറഞ്ഞാണ് ഡോക്ടര്‍മാര്‍ മുതല്‍ ഓഫീസ് സ്റ്റാഫ് വരെയുള്ളവര്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്. പിന്നീട് പ്രോസസിംഗ് ഫീസും എന്നും മറ്റും പറഞ്ഞാണ് പണം തട്ടുന്നത്. വന്‍തുക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്. യഥാര്‍ഥ സ്ഥാപനത്തിന്റെ വെബ്സൈറ്റിനെ അനുകരിക്കുന്ന വെബ്സൈറ്റും ലെറ്റര്‍പാഡുമെല്ലാം ഉപയോഗിച്ചാണ് തട്ടിപ്പ്.

വിശ്വാസ്യത തോന്നും വിധം നടപടിക്രമങ്ങള്‍ നീക്കിയ ശേഷം സര്‍വീസ് ചാര്‍ജായോ പ്രോസസിംഗ് ഫീസായോ തുക അയക്കാന്‍ പറയുകയാണ് രീതി. ദുബായിലെ രണ്ട് ബാങ്കുകളുടെ അക്കൗണ്ടുകളാണ് തുക അയക്കാനായി നല്‍കുന്നത്. ഈ ഘട്ടത്തില്‍ സംശയം തോന്നിയ ചിലര്‍ ആസ്റ്റര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ നിയമന തട്ടിപ്പ് പുറത്ത് വന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജോലി വാഗ്ദാനം ഉണ്ട്.

ഇന്തോനേഷ്യയിലും നൈജീരിയയിലും കൈകാര്യം ചെയ്യുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ വഴിയാണ് ഓഫര്‍ ലെറ്ററുകളും മറ്റും അയക്കുന്നത്. ദുബായിലെ ചില ട്രാവല്‍ ഏജന്‍സികളുടെ പേരിലാണ് തൊഴില്‍ വാഗ്ദാനം. ആസ്റ്ററിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് തങ്ങള്‍ പണം വാങ്ങാറില്ലെന്നും ഒരു ട്രാവല്‍ ഏജന്‍സിയേയും ഇതിനായി നിയോഗിച്ചിട്ടില്ലെന്നും ആസ്റ്റര്‍ അധികൃതര്‍ വ്യക്തമാക്കി.