പുലർച്ചെ നാല് മണിക്കാണ് സംഭവം. ദില്ലിയിലെ ഏറ്റവും കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള അക്ബർ റോഡിലെ വർമയുടെ വീടിനു മുന്നിൽ കാറിനകത്ത് ഇരിക്കുകയായിരുന്ന നാല് പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. 

ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വസതിക്ക് സമീപത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ നാല് പേരെ പിടികൂടി. അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ ഇവരെ പിടികൂടിയത്. അലോക് വര്‍മയെ നിരീക്ഷിക്കാനായി എത്തിയ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുലർച്ചെ നാല് മണിക്കാണ് സംഭവം. ദില്ലിയിലെ ഏറ്റവും കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള അക്ബർ റോഡിലെ വർമയുടെ വീടിനു മുന്നിൽ കാറിനകത്ത് ഇരിക്കുകയായിരുന്ന നാല് പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരെ പൊലീസിൽ ഏൽപ്പിക്കുകയും കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

സിബിഐ തലവന്മാരായ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള കലഹങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അര്‍ധരാത്രിയാണ് ഇരുവരേയും ചുമതലകളില്‍നിന്ന് നീക്കിയത്. പരസ്പരം അഴിമതി ആരോപണങ്ങല്‍ ഉന്നയിച്ച ഇരുവര്‍ക്കുമിടയിലുള്ള തർക്കം തലവേദനയായതോടെ സ്ഥാനങ്ങളില്‍നിന്നും ഇരുവരേയും നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കുകയും രാഗേഷ് അസ്താനയോട് അവധിയില്‍ പോകാനും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം നിര്‍ദ്ദേശിച്ചു. 

ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്തയാളെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചപ്പോള്‍മുതല്‍ അലോക് വര്‍മയും അസ്താനയും ശീതസമരത്തിലായിരുന്നു. അസ്താന പ്രധാനമന്ത്രിയുടെ അടുത്തയാളായത് കൊണ്ടാണ് പ്രധാന ചുമതലകള്‍ ലഭിച്ചിരുന്നത് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.