ആലപ്പുഴ: രാത്രിയില്‍ ഭ്രാന്തന്‍മാരായി അഭിനയിച്ച് പത്തിലേറെ മോഷണം നടത്തിയ രണ്ട് മോഷ്ടാക്കള്‍ അറസ്റ്റില്‍. തുറവൂര്‍ സ്വദേശി ധനേഷ്‌കുമാര്‍, ചേര്‍ത്തല സ്വദേശി കൃഷ്ണകുമാര്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല നഗരത്തിലെ മെ‍ഡിക്കല്‍ സ്റ്റോര്‍, കോളേജ്, തുണിക്കട തുടങ്ങി പത്തിലധികം കടകളില്‍ ഇവര്‍ മോഷണം നടത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ രൂപ മോഷ്ടിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഭ്രാന്തന്‍മാരെ പോലെ അലഞ്ഞ് തിരിഞ്ഞ് നടന്നാണ് മോഷണം.

ഇത് കൂടാതെ തീവണ്ടികളില്‍ യാത്രക്കാരുടെ പേഴ്സും ബാഗും മൊബൈല്‍ ഫോണുകളും ഇവര്‍ മോഷ്ടിക്കാറുണ്ട്. ജയിലില്‍ നിന്ന് കോടതിയിലെത്തുന്ന പ്രതികള്‍ക്ക് കഞ്ചാവ് കൈമാറി പ്രതികളുടെ ബന്ധുക്കളില്‍ നിന്നും വന്‍ തുക ഈടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഇത് കൂടാതെ ജയിലിന് പുറത്ത് നിന്ന് ജയിലിലേക്ക് കഞ്ചാവ് പൊതികള്‍ ഇവര്‍ എറി‍ഞ്ഞുകൊടുക്കും.

ഇതിനിടയില്‍ എപ്പോഴെങ്കിലും പിടിക്കപ്പെട്ടാല്‍ അടിവസ്ത്രത്തില്‍ സൂക്ഷിച്ചവെക്കുന്ന നൈട്രോ ഗുളികകള്‍ കഴിക്കും. വായില്‍ നിന്ന് നുരയും പതയും വരുമ്പോള്‍ പിടികൂടിയവര്‍ ഇവരെ ഉപേക്ഷിക്കും അതിനിടയില്‍ രക്ഷപ്പെടുകയാണ് ഇവരുടെ പതിവ് രീതിയെന്നും പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മോഷണം അടുത്ത ദിവസങ്ങളില്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.