കൊച്ചി: രണ്ടു വയസുള്ള ആണ്‍കുഞ്ഞ് പാതിരാത്രിയില്‍ ഒറ്റയ്‌ക്ക് ദേശീയപാതയിലേക്ക് നടന്നെത്തി. ഹോട്ടല്‍ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം കുഞ്ഞിനെ രക്ഷപ്പെടുത്താനായി. പറമ്പയം പാലത്തിന് സമീപം തരിശുപാടത്ത് കുടില്‍കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം സ്വദേശി കുമാറിന്റെ മകന്‍ അപ്പുവിനെയാണ് നെടുമ്പാശേരിയില്‍ ദേശീയപാതയില്‍ കഴിഞ്ഞദിവസം രാത്രി 12 മണിയോടെ കണ്ടെത്തിയത്. രാത്രിയില്‍ ദേശീയപാതയിലെ കടവരാന്തയിലാണ് കുമാറും മകനും കിടക്കാറുള്ളത്. വിശന്നുവലഞ്ഞ കുഞ്ഞ് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. രാത്രിയില്‍ തലങ്ങുംവിലങ്ങും വാഹനങ്ങള്‍ പോകുന്ന ദേശീയപാതയുടെ അരികിലൂടെ കുഞ്ഞു കരഞ്ഞുകൊണ്ട് നടന്നുനീങ്ങി. ഈ സമയം റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. തൊട്ടടുത്തുള്ള ഹോട്ടലിന്റെ ഉടമ സിദ്ദിഖ് കുഞ്ഞിനെ കണ്ടതാണ് രക്ഷയായത്. ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് ഹോട്ടലിലേക്കുൊണ്ട് വന്ന് ഭക്ഷണം നല്‍കിയപ്പോഴാണ് അത് കരച്ചില്‍ അവസാനിപ്പിച്ചത്. പൊലീസ് സ്ഥലത്ത് എത്തി മാതാപിതാക്കളെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴേക്കും കുമാറും അവിടെയെത്തി. തുടര്‍ന്ന് കുഞ്ഞിനെ കുമാറിനൊപ്പം വിടുകയായിരുന്നു.