ഒരു മാസം മുമ്പ് കനത്ത മഴയെത്തുടര്‍ന്ന് വെള്ളപൊക്കമുണ്ടായ മധ്യപ്രദേശില്‍ വീണ്ടും മഴ നാശം വിതക്കുകയാണ്. നാല് ദിവസമായി തുടരുന്ന മഴ സംസ്ഥാനത്തെ രേവ, സത്ന, രെയ്സന ജില്ലകളെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാക്കി. പ്രദേശത്തെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. രാഹത്ത്ഘട്ടില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു സ്‌ത്രീയും നാല് കുട്ടികളുമടക്കം ഏഴ്പേര്‍ മരിച്ചു. സത്ന ജില്ലയിലും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചിട്ടുണ്ട് ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 കടന്നു.

വെള്ളംകയറി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വ്യോമസേന ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമവും തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലും കനത്തമഴ നാശം വിതക്കുകയാണ്. ബാരാന്‍ ജില്ലയും നിരവധി ഗ്രാമങ്ങളും പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. ഇതുവരെ അഞ്ച് പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബീഹാറിലും കനത്തമഴ തുടരുകയാണ്. കരസേനയും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തിയിട്ടുണ്ട്.