കാൽനൂറ്റാണ്ടിലേറെയായി പുറമ്പോക്കുകാര്‍ എന്ന മേൽവിലാസത്തിൽ ഇവർ കേലോട്ടുകുന്ന് കോളനിയിൽ താമസം തുടങ്ങിയിട്ട്. പലരും റോഡ് വികസനത്തിന്റെപേരിൽ കുടിയിറക്കപ്പെട്ടവരാണ്. പൊതുമരാമത്ത് വകുപ്പിന്റെതാണ് ഭൂമി. ഭൂമിക്ക് പട്ടയം നൽകുമെന്ന് അധികൃതർ പലതവണ ഉറപ്പ് നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.
കോഴിക്കോട്: കോഴിക്കോട് നഗരത്തോട് ചേർന്നുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ദുരിതജീവിതം നയിക്കുകയാണ് ഇരുപതോളം കുടുംബങ്ങൾ. പൊറ്റമൽ കേലോട്ടുകുന്ന് കോളനിവാസികളാണ് കഴിഞ്ഞ 25 വർഷങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കഴിയുന്നത്.രേഖകളില്ലാത്തതിനാൽ യാതൊരു ആനുകൂല്യങ്ങളും ഇവർക്ക് കിട്ടുന്നില്ല.
കാൽനൂറ്റാണ്ടിലേറെയായി പുറമ്പോക്കുകാര്‍ എന്ന മേൽവിലാസത്തിൽ ഇവർ കേലോട്ടുകുന്ന് കോളനിയിൽ താമസം തുടങ്ങിയിട്ട്. പലരും റോഡ് വികസനത്തിന്‍റെ പേരിൽ കുടിയിറക്കപ്പെട്ടവരാണ്. പൊതുമരാമത്ത് വകുപ്പിന്‍റേതാണ് ഭൂമി. ഭൂമിക്ക് പട്ടയം നൽകുമെന്ന് അധികൃതർ പലതവണ ഉറപ്പ് നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. രേഖകൾ ഇല്ലാത്തതിനാൽ റേഷൻകാർഡും ആധാർകാർഡുമെല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ് ഇവര്‍ക്ക്. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ചെറിയകൂരകളില്‍ വെള്ളവും വൈദ്യുതിയുമില്ല.
ജാതിസർട്ടിഫിക്കറ്റില്ലാത്തതിനാൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിനും മറ്റ് ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാനാവില്ല.സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയിൽ ഉള്‍പ്പെട്ടതായി ചിലര്‍ക്ക് നേരത്തെ അറിയിപ്പ് ലഭിച്ചെങ്കിലും നടപടികളൊന്നുമായില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടിടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഉടന്‍ ഒരുക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
