വീണ്ടും ദുരഭിമാന കൊല മകളെ കൊന്നത് കീടനാശിനി നല്‍കി കാമുകനെ കൊന്നത് ശ്വാസം മുട്ടിച്ച് പിതാവ് പിടിയില്‍

ദില്ലി: രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ തരണ്‍ തരണ്‍ ജില്ലയില്‍ യുവാവിനെയും കാമുകിയെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജാട്ട് സിഖ് വംശജരാണ് ഇരുവരും. 

ഇരുപതുകാരനായ യുവാവിന്‍റെ മൃതദേഹം നഗ്നമായ രീതിയില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ വീട്ടിലെ ഗട്ടറിലും പെണ്‍കുട്ടിയുടെ മൃതദേഹം ടാര്‍പോളിനില്‍ പൊതിഞ്ഞ് അതേ വീട്ടിനുള്ളില്‍നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളായ പെണ്‍കുട്ടിയുടെ പിതാവ്, ഇയാളുടെ സഹോദരങ്ങള്‍, ഭാര്യ, മകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്‍റെ തലയ്ക്ക് അടിക്കുകയും അബോധാവസ്ഥയിലായ ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും സമാനമായ രീതിയില്‍ തലയ്ക്കടിച്ചതിന് ശേഷം കീടനാശിനി വായിലൊഴിച്ചാണ് കൊലപ്പെടുത്തിയത്. 

എരുമകള്‍ക്ക് പുല്ല് നല്‍കാനായി പോയ തന്‍റെ മകന്‍ പിന്നീട് തിരുച്ചുവന്നില്ലെന്ന് യുവാവിന്‍റെ പിതാവ് പറ‌ഞ്ഞു. മകനെ പെണ്‍കുട്ടിയുടെ ബന്ധു വലിച്ചുകൊണ്ട് പോകുന്നത് കണ്ടതായി സഹോദരന്‍ പറഞ്ഞെന്നും അപ്പോഴാണ് മകന് പെണ്‍കുട്ടിയുമായുള്ള ബന്ധം താന്‍ മനസ്സിലാക്കിയതെന്നും ഇയാള്‍ പറഞ്ഞു.