ദില്ലി: 52കാരിയായ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 22കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ച് ജനുവരി എട്ടിന് രാത്രി പത്തരയോടെയായിരുന്നു സംഭവം. ഗൂഗ്ളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അന്‍മോല്‍ സിങ് ഘര്‍ബന്ദ എന്ന യുവാവും അമേരിക്കക്കാരിയായ സ്‌ത്രീയും തമ്മില്‍ ഹോട്ടിലിലെ ബാറില്‍ വെച്ചാണ് പരിചയപ്പെട്ടത്. സംസാരത്തിന് ശേഷം യുവാവ് ഇവരെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. മുറിയില്‍ പുകവലിച്ചുകൊണ്ടിരിക്കുന്നതിനിടെ അപമര്യാദയായി തന്നെ സ്‌പര്‍ശിച്ചുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇത്തരമൊരു പെരുമാറ്റം യുവാവില്‍ നിന്നുണ്ടായ ഉടനെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ തൊട്ടടുത്ത ദിവസം ജയ്പൂരിലേക്ക് പോയി. അവിടെ നിന്ന് ദില്ലിയില്‍ മടങ്ങിയെത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.