ബിജെപിയാണ് മുഖ്യശത്രു. ദേശീയ തലത്തില്‍ വേണ്ടത് സംഘപരിവാര്‍ ഭീഷണിക്കെതിരായ ഫലപ്രദമായ ചെറുത്ത് നില്‍പ്പ്.   വിശാല ഐക്യത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല. 

കൊല്ലം: 23 -ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് തുടങ്ങി. ബിജെപിക്കെതിരായ രാഷ്ട്രീയ അടവുനയവും കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള നിലപാട് രൂപീകരണവും തന്നെയാകും പ്രധാന ചര്‍ച്ച. പ്രയാധിക്യം പറഞ്ഞ് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുമോ എന്നും ഏവരും ഉറ്റുനോക്കുന്നു. 

പ്രത്യക്ഷ രാഷ്ട്രീയ സഖ്യത്തിനപ്പുറം കോണ്‍ഗ്രസുമായി ധാരണയാകാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിന്റെ ചുവട് പിടിച്ച് സഖ്യത്തിന്റെ അതിരിനെ കുറിച്ചുള്ള ചര്‍ച്ചയാകും 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കൈകാര്യം ചെയ്യുക. ബിജെപിയാണ് മുഖ്യശത്രു. ദേശീയ തലത്തില്‍ വേണ്ടത് സംഘപരിവാര്‍ ഭീഷണിക്കെതിരായ ഫലപ്രദമായ ചെറുത്ത് നില്‍പ്പ്. വിശാല ഐക്യത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല. 

പക്ഷേ നവ ഉദാരവത്കരണ നയങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരണവും പാടില്ല. കേരള ഘടകത്തെ കൂടാതെ ബംഗാളും തൃപുരയുമെടുക്കുന്ന നിലപാടുകള്‍ സഖ്യ ചര്‍ച്ചയില്‍ നിര്‍ണായകമാകും. സംസ്ഥാനതലത്തില്‍ കാനം - ഇസ്മയില്‍ പക്ഷങ്ങള്‍ തമ്മിലെ ഏറ്റുമുട്ടല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും പ്രതിഫലിച്ചേക്കും. കെ.ഇ. ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷന്‍് കണ്ടത്തലുകള്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 

നീതി കിട്ടിയില്ലെന്ന കെ.ഇ. ഇസ്മയിലിന്റെ പരാതിയില്‍ കേന്ദ്ര നേതൃത്വത്തിന്റെ സമീപനത്തോടൊപ്പം ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഇസ്മയിലിന്റെ അംഗത്വവും സമ്മേളന നടപടികള്‍ക്കിടയിലെ ശ്രദ്ധാ കേന്ദ്രമാണ്. രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിതാറാം യച്ചൂരിയും സംസാരിക്കും.