യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ഗുരുഗ്രാം: ഗര്‍ഭിണിയായ യുവതിയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. 23 കാരിയായ യുവതിയ്ക്ക് നേരെ ആക്രമണം നടന്നത് മെയ് 21 നാണ്. എന്നാല്‍ മെയ് 26നാണ് പൊലീസില്‍ പരാതിപ്പെട്ടത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന യുവതി പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു സംഭവം.

തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട യുവതി ഭര്‍ത്താവിന്‍റെ നിര്‍ദ്ദേശ പ്രകാരം ഓട്ടോ വിളിക്കുകയായിരുന്നു. ഭര്‍ത്താവ് ബൈക്കില്‍ വീട്ടിലേക്ക് പോയി. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും യുവതി വീട്ടില്‍ എത്തിയില്ല. യുവതിയ്ക്ക് ഓട്ടോ ഡ്രൈവര്‍ കുടിക്കാന്‍ വെള്ളം നല്‍കി. ഇത് കുടിച്ചതോടെ യുവതി അബോധാവസ്ഥയിലായി.

തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. മകനും ഭര്‍ത്താവിനുമൊപ്പം മനേസറിലാണ് ബിഹാര്‍ സ്വദേശിയായ യുവതി താമസിക്കുന്നത്. തിരിച്ചറിയാനാകാത്ത പ്രതികള്‍ക്കെതിരെ പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു.