കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ 24 വൃദ്ധർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. വിവിധയിടങ്ങളിൽ നിന്നും അസുഖമായി ആശുപത്രിയിൽ എത്തിയ ഇവരെ ബന്ധുക്കൾ ഉപേക്ഷിക്കുകയായിരുന്നെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു.
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ 24 വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. പല സമയങ്ങളിലായി അസുഖം ബാധിച്ച് എത്തിയ വൃദ്ധരെ ബന്ധുക്കൾ ഉപേക്ഷിച്ച് പോകുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. തെരുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചിലരെ സന്നദ്ധ പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.
ബന്ധുക്കൾ ഉപേക്ഷിച്ച നടക്കാവ് സ്വദേശിയായ ആസ്യ ഉമ്മ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് തെരുവിലാണ് കഴിഞ്ഞിരുന്നത്. അസുഖം ബാധിച്ച ഇവരെ തെരുവിന്‍റെ മക്കൾ എന്ന സന്നദ്ധ സംഘടന ജനറൽ ആശുപത്രിയിൽ എത്തിച്ചു. തെരുവിൽ അലയുന്ന നിലയിൽ കണ്ടെത്തിയ മറ്റ് മൂന്ന് പേരെക്കൂടി സന്നദ്ധ പ്രവർത്തകർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ബാക്കിയുള്ള 20 പേരെയും അസുഖം ബാധിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് പേർ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. ഇവരെ കുറിച്ച് കൂടുതലറിയാൻ ആവശ്യമെങ്കിൽ പൊലീസിന്‍റെ സഹായം തേടുമെന്നും അധികൃതർ പറഞ്ഞു. ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്നും ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നടപടി എടുക്കുമെന്ന് കളക്ടർ പറഞ്ഞു. അതുവരെ ഇവരെ ആശുപത്രിയിൽ തന്നെ സംരക്ഷിക്കും.
