ദേശീയപാതയോരത്തെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യശാലകള്‍ പൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കിയാല്‍ 204 ബാറുകള്‍ പൂട്ടേണ്ടിവരുമെന്നാണ് എക്‌സൈസിന്റെ പ്രാഥമിക കണക്ക്. പഞ്ചനക്ഷത്ര ഹോട്ടലുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെയാണ് ഈ കണക്ക്. പക്ഷെ റോഡ് റിവഷന്‍ എഞ്ചിനിയര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അന്തിമപട്ടിക പുറത്തിറക്കാന്‍ സാധിക്കുയുള്ളൂവെന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോഴും പരിശോധനകള്‍ തുടരുകയാണ്. 

അതേ സമയം ബാറുകള്‍ക്കും ബിറേജസ് ഔട്ട്‍ലെറ്റുകള്‍ക്കും പുറമേ കള്ളുഷോപ്പുകളും പൂട്ടേണ്ടി വരുമെന്ന് നിയമ സെക്രട്ടറി ഉപദേശം നല്‍കി. എന്നാല്‍ പൂട്ടേണ്ടിവരുന്ന ബാറുകളുടെ ലൈസന്‍സ് മറ്റ് സ്ഥലത്തേക്ക് മാറ്റാന്‍ തടസ്സമുണ്ടാകില്ലെന്നാണ് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അബ്കാരി നിയമമനുസരിച്ച് മാനദണ്ഡങ്ങള്‍ പരിശോധിച്ച് ലൈസന്‍സുകള്‍ മാറ്റാനാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പരിശോധിച്ചാകും അന്തിമ തീരുമാനമെടുക്കുക. മാര്‍ച്ച് 30നകം സര്‍ക്കാരിന് ഉത്തരവ് നടപ്പാക്കേണ്ടിവരും. അതിന് മുമ്പ് രൂപരേഖ തയ്യറാക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.