തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കി. കോട്ടയം തീക്കോയി വില്ലേജിലുള്ള മിച്ച ഭൂമിയാണു ക്ഷേത്ര സമുച്ചയത്തിനും സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിനും പതിച്ചു നല്‍കിയത്. എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനുമായാണു ഭൂമി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു. 2012ല്‍ ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

മുരുകന്‍മല ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഭൂമിയാണു സര്‍ക്കാര്‍ സൗജന്യമായി പതിച്ചു നല്‍കിയത്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുരിശുമല, അള്ളാപ്പാറ പ്രദേശങ്ങള്‍ ക്രിസ്ത്യന്‍, മുസ്‌ലിം ആരാധാനാലയങ്ങള്‍ക്കായി പതിച്ചു നല്‍കിയിട്ടുണ്ടെന്നും, അതിനാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യപ്രകാരം ഇവിടെ ക്ഷേത്ര സമുച്ചയം നിര്‍മിക്കുന്നതിനു 15 ഏക്കറും 10 ഏക്കര്‍ ഭൂമി വിദ്യാഭ്യാസ - സാംസ്കാരിക കേന്ദ്രം പണിയുന്നതിനും പതിച്ചു നല്‍കുന്നതായും ഉത്തരവില്‍ പറയുന്നു. 

ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ പേരിലും സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിനുള്ള ഭൂമി എസ്എന്‍ ട്രസ്റ്റിനുമാണു പതിച്ചു നല്‍കിയത്. 2008ല്‍ എസ്എന്‍ഡിപി യോഗം നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.

വെള്ളാപ്പള്ളി പറയുന്നു - ആയിരക്കണക്കിന് ഏക്കര്‍ വന ഭൂമി മറ്റു സമുദായങ്ങള്‍ക്കു പതിച്ചു നല്‍കി; പിന്നെ ഞങ്ങള്‍ക്കു തന്നാല്‍ എന്താ?