തിരുവനന്തപുരം: പാച്ചല്ലൂരിൽ മത്സരയോട്ടത്തിനിടെ വാഹനാപകടത്തിൽപ്പെട്ട യുവാവിൽനിന്നും കഞ്ചാവ് പൊതികൾ കണ്ടെടുത്തു. പാച്ചല്ലൂർ ഗവ.എൽ.പി.എസിന് സമീപം പണ്ടാരവിള ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ബീമാപള്ളി സ്വദേശിയായ ഹക്കീം (22) ൽ നിന്നാണ് 25 ഗ്രാം തൂക്കം വരുന്ന 12 ഓളം പൊതികൾ തിരുവല്ലം പൊലീസ് കണ്ടെടുത്തത്.

ഇന്നലെ വൈകിട്ട് 5 ഓടെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി രണ്ടംഗസംഘം അമിതവേഗതയിൽ പൾസർ ബൈക്കുകളിൽ മത്സരയോട്ടം നടത്തിയത്. ഹക്കീം ഓടിച്ചിരുന്ന ബൈക്ക് പണ്ടാരവിള ജംഗ്ഷനിൽ എത്തിയപ്പോഴേക്കും നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിലിടിച്ച് കയറിയായിരുന്നു അപകടം. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന ഹക്കീമിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മത്സരയോട്ടം നടത്തിയ പൂന്തുറ സ്വദേശിയായ സെയ്ദലി (30) ഹക്കീമിനെ ബൈക്കിൽ കൊണ്ട് പോകാൻ ശ്രമം നടത്തിയതിൽ സംശയം തോന്നിയ നാട്ടുകാർ തിരുവല്ലം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഹക്കീമിനെ പരിശോധിച്ചപ്പോഴാണ് 25 ഗ്രാം തൂക്കം വരുന്ന 12 പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ഇതേ സമയം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച സെയ്ദലിയെയും പൊലീസ് പിടികൂടി നടത്തിയ പരിശോധനയിൽ
പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പൊതി ഇയാളിൽ നിന്നും പിടിച്ചെടുത്തു. സെയ്ദലിയുടെ വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന സംശയമുള്ളതായി പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഹക്കീമിനെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്ദലിയെയും ബൈക്കിനെയും തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.