Asianet News MalayalamAsianet News Malayalam

അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം; എങ്ങുമെത്താതെ കേസ്

25 years for Sr Abhyaya murder case
Author
Kottayam, First Published Mar 27, 2017, 6:35 PM IST

കോട്ടയം: കേരളത്തിന്റെ കുറ്റാന്വേഷണ രംഗത്തു തന്നെ ചരിത്രമായ സിസ്റ്റര്‍ അഭയാകേസ് കാല്‍നൂറ്റാണ്ടിലേക്ക്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് സിബിഐ  സ്ഥിരീകരിച്ചെങ്കിലും, കേസ് ഇന്നും എങ്ങുമെത്തിയില്ല. അഭയ കേസിന്റെ അന്വേഷണത്തെ വഴിതെറ്റിച്ച അദൃശ്യശക്തികള്‍ ഇന്നും നിഗൂ‌ഢമായി തുടരുന്നു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയര്‍ന്ന സംശയം തീപ്പൊരിയായി പടര്‍ന്നു. അഭയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്, കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയില്‍ നിലനിര്‍ത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു. 15 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു.

സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

പല തവണ ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിസ്റ്റര്‍ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ. ആയിരുന്നു അദ്ദേഹം. അഗസ്റ്റിന്റെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവം നടന്ന് 16 വര്‍ഷത്തിനുശേഷമാണ്, കേസില്‍ അറസ്റ്റുണ്ടാകുന്നത്.  2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

റിമാന്‍ഡിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതി, സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രപ്രകാരം ഇവര്‍ വിചാരണ നേരിടുകയാണ്. കേസിലെ മുഖ്യ പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. സിസ്റ്റര്‍ അഭയയെ തലയ്‌ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ. തോമസ് കോട്ടൂര്‍, അറസ്റ്റ് വരിക്കുമ്പോള്‍ കോട്ടയം അതിരൂപതാ ചാന്‍സലറായിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെന്‍ത് കോളജിലെ പ്രിന്‍സിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്ടാം പ്രതിയായ ജോസ് പുതൃക്കയില്‍. സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സ്റ്റെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റര്‍ പ്രേരണ നല്‍കിയെന്നാണ് ആരോപണം. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച് എട്ടു വര്‍ഷമായിട്ടും  വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. വിചാരണ ഇനിയും വൈകിയാല്‍ ഹൈക്കോടതിയെയും സിബിഐ ഡയറക്ടറെയും  സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭയാ ആക്ഷന്‍ കൗണ്‍സില്‍.
കേസ് 25 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിരന്തര നിയമ പോരാട്ടത്തിന് മുന്നില്‍ നിന്ന അഭയയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല.

Follow Us:
Download App:
  • android
  • ios