ഉത്തർപ്രദേശിൽ പൊടിക്കാറ്റും ഇടിമിന്നലും മരിച്ചവരുടെ എണ്ണം 26 ആയി

ദില്ലി: ഉത്തർപ്രദേശിൽ ശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 26 ആയി. ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് 27 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മുംബൈയിൽ കനത്ത മഴയിൽ റെയിൽ റോഡ് വ്യോമ ഗതാഗതം താറുമാറായി.

ഇന്നലെയുണ്ടായ ശക്തമായ പൊടിക്കാറ്റും മിന്നലുമാണ് യുപിയിൽ കനത്ത നാശം വിതച്ചത്. ദുരിതാശ്വാസം പ്രവർത്തനങ്ങൾക്ക് നേതൃ-ത്വം നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ദില്ലിയിൽ വൈകീട്ട് അഞ്ചു മണിയോടെ അന്തരീക്ഷം പെട്ടെന്ന് ഇരുൾ മൂടിയശേഷമാണ് അതിശക്തമായ പൊടിക്കാറ്റടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാളെയും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മുംബൈയിൽ രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ റോഡുകൾ പലതും വെള്ളത്തിനടിയിലായി. ഗതാഗതകുരുക്ക് മണിക്കൂറുകളോളം നീണ്ടു. അറുപത്തേഴ് വിമാനങ്ങൾ വഴി തിരിച്ചുവിടുകയോ വൈകുകയോ ചെയ്തു. ലോക്കൽ, സബർബൻ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഭയന്തറിൽ ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നൽകി. മുന്നറിയിപ്പ് കണക്കിലെടുത്ത് മുംബൈയിൽ നാവികസേനാംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്.