വാളയാറിൽ ഒന്നരവർഷത്തിനിടെ പീഡനത്തിനിരയായത് 27പെണ്‍കുട്ടികള്‍ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ വിചാരണ പോലും തുടങ്ങിയിട്ടുമില്ല.   

പാലക്കാട്: സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദാരുണ സംഭവത്തിന് ശേഷവും പാലക്കാട് വാളയാറിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും ദുരൂഹ മരണങ്ങളും കുതിച്ചുയരുന്നു. കർശന നടപടിയെന്ന സർക്കാർ ഉറപ്പുകൾക്കിടയിലും പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളാണ് ഒന്നര വർഷത്തിനിടെ വാളയാറിൽ ലൈംഗിക പീഡനത്തിനിരയായത്. സഹോദരിമാർ ലൈംഗികപീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലാകട്ടെ ഒരു വർഷം കഴിഞ്ഞിട്ടും വിചാരണ പോലും തുടങ്ങിയിട്ടുമില്ല.

2017 ജനുവരി മാര്‍ച്ച് മാസങ്ങളിൽ ആണ് വാളയർ അട്ടപ്പള്ളത് സഹോദരിമാരായ പെണ്‍കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളെ പിടികൂടിയതും, കുറ്റപത്രം സമർപ്പിച്ചതും അതിവേഗത്തിലായിരുന്നു. പക്ഷെ ഈ വേഗം കേസിന്‍റെ വിചാരണ തുടങ്ങുന്നതിൽ ഉണ്ടായില്ല. അഞ്ചു പ്രതികളിൽ പ്രായപൂര്‍ത്തിയാവാത്ത പ്രതിയും, കുട്ടികളുടെ അമ്മയുടെ ബന്ധുവായ മധുവും ജാമ്യത്തിൽ ഇറങ്ങി. ബാക്കി മൂന്ന് പ്രതികൾ പാലക്കാട് സബ് ജയിലില്‍ തുടരുന്നു. 

വാളയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ കഴിഞ്ഞ വർഷം മാത്രം പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തി ആവാത്ത പെണ്‍കുട്ടികളുടെ എണ്ണം 22. ഈ വർഷം 4 മാസം പിന്നിട്ടപ്പഴേക്കും പീഡനത്തിനിരയായത് 5 പെൺകുട്ടികൾ. ഒന്നര വ‌ർഷത്തിനിടെ പീഡിപ്പിക്കപ്പെട്ട 27 പെൺകുട്ടികളും വെറും ഒന്നരക്കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഉള്ളവരാണെന്നത് ഞെട്ടലോടെ കാണേണ്ടതുണ്ട്.

ഏറ്റവും ഒടുവില്‍ കനാല്‍പിരിവിൽ ആത്മഹത്യ ചെയ്ത16കാരിയും ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് തെളിഞ്ഞതോടെ , പ്രദേശത്ത് ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ എണ്ണം നാലായി. അതേസമയം പിടിയിലായവരെല്ലാം അടുത്ത ബന്ധുക്കളും അച്ഛനമ്മമാരുടെ സുഹൃത്തുക്കളുമാണ്. വീടുകളിലെ അരക്ഷിത സാഹചര്യങ്ങള്‍ മൂലംപീഡിപ്പിക്കപ്പെടുന്ന ഈ കുട്ടികൾ കൊലചെയ്യപ്പെടുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം.