റഷ്യന്‍ സേന സിറിയയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ ഹമദാന്‍ എയര്‍ ബേസില്‍ നിന്നാണ് യുദ്ധവിമാനം പുറപ്പെട്ടത്. ഇതാദ്യമായാണ് റഷ്യ മറ്റൊരു രാജ്യത്തു നിന്ന് സിറിയന്‍ വിമതരെ അക്രമിക്കുന്നത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അനുകൂലിച്ചുള്ള റഷ്യന്‍ നടപടിയില്‍ ഇത്തവണ 27 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ഹമദാനില്‍ നിന്ന് പുറപ്പെട്ട സുഖോയ് യുദ്ധവിമാനം അലപ്പൊ, ഇദ്‌ലിബ്, ദീല്‍ അല്‍ സോര്‍ തുടങ്ങിയ മേഖലകളിലെ ഐ എസ് കേന്ദ്രങ്ങളെയാണ് തകര്‍ത്തത്. സിറിയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൈനിക നടപടികള്‍ പതിവാണെങ്കിലും ഇതാദ്യമായാണ് റഷ്യ മറ്റൊരു രാജ്യത്തു നിന്ന് സിറിയന്‍ വിമതരെ അക്രമിക്കുന്നത്. രാജ്യത്തിനു മുകളിലൂടെ ആക്രമണം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യ ഇറാന്റെയും ഇറാഖിന്റെയും അനുവാദം തേടിയിരുന്നു. ഇറാനില്‍ നിന്നുമുള്ള സൈനിക നടപടിയെ ചരിത്രപരമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറാനില്‍ സൈനിക സാന്നിധ്യം നേടുന്ന ആദ്യ രാജ്യമായി റഷ്യ. ഇതിനിടെ അക്രമണത്തില്‍ റഷ്യ നിരോധിത ആയുധങ്ങള്‍ ഉപയോഗപ്പെടുത്തിയതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു.