തിരുവല്ല: തിരുവല്ല തുകലശ്ശേരിയിലെ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബ്രാഞ്ചില്‍ വന്‍ കവര്‍ച്ച. ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്ത് 27 ലക്ഷം രൂപ കവര്‍ന്നു.
16 ലക്ഷം രൂപയുടെ പുതിയ നോട്ടും 11 ലക്ഷം രൂപയുടെ പഴയ നോട്ടുകളുമാണ് കവര്‍ന്നത്. നോട്ട് വിതരണത്തിനുള്ള ചെസ്റ്റ് ബ്രാഞ്ചായതിനാല്‍ മറ്റ് ബാങ്കുകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന നോട്ടുകള്‍ ഉള്‍പ്പടെയാണ് മോഷണം പോയത്. ശനിയാഴ്ച അര്‍ദ്ധരാത്രി ക്രിസ്മസ് കരോളിനായി പോയ കുട്ടികള്‍ മുഖംമൂടി ധരിച്ച രണ്ട് പേരെ ബാങ്കിന് സമീപം വച്ച് കണ്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബാങ്കിലെ മൂന്ന് ലോക്കറുകളില്‍ പണം സൂക്ഷിച്ചിരുന്ന രണ്ട് ലോക്കറുകളാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ മോഷ്ടാക്കള്‍ക്ക് തുറക്കാനായില്ല. ബാങ്കിലെ സി സി ടി വി ക്യാമറകളും ഹാര്‍ഡ് ഡിസ്‌ക്കും അടക്കമുള്ള യൂണിറ്റ് മുഴുവനായി കള്ളന്‍മാര്‍ കൊണ്ടുപോയിട്ടുണ്ട്. തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ശാസ്ത്രീയമായി അന്വേഷണത്തിലൂടെ ഉടന്‍ മോഷ്ടാക്കളെ പിടികൂടാനാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
