മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചവയിൽ 284 വണ്ടിച്ചെക്കുകള്‍. ആകെ 27,919 ചെക്കുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. അതില്‍, 430 ചെക്കുകൾ മടങ്ങി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവയിൽ വണ്ടിച്ചെക്കുകളും. ധനകാര്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. എന്നാൽ വണ്ടിച്ചെക്ക് നൽകിയവരുടെ പേര് വിവരങ്ങൾ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഇനത്തിൽ ലഭിച്ച 27919 ചെക്കുകള്‍ വഴി ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിയാറ് കോടി രൂപയിലേറെ ആണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 430 ചെക്കുകൾ മടങ്ങി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് 146 എണ്ണം മടങ്ങിയപ്പോള്‍ അവശേഷിക്കുന്ന 284 എണ്ണം വണ്ടിചെക്കുകളായി.
ഇവരിൽ നിന്ന് പണം ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ധനകാര്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, മടങ്ങിയ ചെക്കുകളുടെ വിശദാംശങ്ങൾ ഒന്നും മറുപടിയിലില്ല. വെബ്സൈറ്റിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല. പേര് വിവരങ്ങള്‍ വെളിപ്പെടുത്താൻ സാധ്യമല്ല എന്നാണ് ധനകാര്യ വകുപ്പിന്റെ വിശദീകരണം. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ ഡി ബി ബിനു സമര്‍പ്പിച്ച അപേക്ഷയിലാണ് ധനവകുപ്പിന്റെ മറുപടി.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ പൂർണ സുതാര്യത വാഗ്ദാനം ചെയ്ത സർക്കാർ തന്നെ ആണ് വിവരങ്ങള്‍ നൽകാൻ മടിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന വാങ്ങുന്ന സന്നദ്ധസംഘടനകളുടെ വിവരങ്ങള്‍ നിയമാനുസൃതമാക്കാനുള്ള ദേശീയ നിയമകമ്മീഷന്റെ ശുപാർശ നടപ്പിലാക്കുന്നതിലൂടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡി ബി ബിനു പറഞ്ഞു.
