ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദിന്റെ നേത്യത്വത്തില്‍, വിദേശികളില്‍ പ്രത്യേകിച്ച് ഏഷ്യന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ് മേഖലയിലായിരുന്നു പരിശോധന. പ്രദേശത്തെ എല്ലാ വഴികളും അടച്ച് വന്‍ പോലീസ് സേനയോടെയായിരുന്നു ഇത്. വഴിനടയാത്രക്കാരെയും, വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയും, സംശയാസ്‌പദമായ ഫ്ലാറ്റുകളില്‍ കയറിയും അധികൃതര്‍ പരിശോധന നടത്തിയിരുന്നു. മൊത്തം 3500-ഓളം പേരുടെ രേഖകള്‍ പരിശോധിച്ചു.ഇതില്‍ 286-പേരെ വിവിധ കാരണങ്ങളാല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും 20 പേര്‍ സിവില്‍ കേസുകളില്‍പ്പെട്ട് ഒളിച്ച് കഴിയുന്നവരുമാണ്. മതിയായ രേഖകള്‍ കൈവശം ഇല്ലാത്തവര്‍- 185,ഇഖാമ കാലാവധി കഴിഞ്ഞവര്‍- 49, മദ്യപിച്ചവര്‍ -9, ആഭ്യന്തര മന്ത്രാലയം നാട് കടത്തിയിട്ടും തിരികെ എത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. അതോടെപ്പം തന്നെ, ഗതാഗത മന്ത്രാലയം നടത്തിയ പരിശോധനയില്‍ 200 നിയമ ലംഘനങ്ങളും പിടികൂടിയിട്ടുണ്ട്.അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത 45 വാഹനങ്ങളുടെ നമ്പര്‍ പ്ലെയിറ്റ് അഴിച്ച് എടുക്കുകയും, ഗുരുതര ലംഘനങ്ങളുടെ പേരില്‍ 35 വാഹനങ്ങള്‍ കസ്റ്റഡിയിലേടുക്കുകയും ചെയ്യിട്ടുണ്ട്.