പേരുമാറ്റത്തിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പോർട്ട് ബ്ലെയറില്‍ നാമകരണ ചടങ്ങില്‍ പങ്കെടുക്കും.

ദില്ലി: അന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റും. ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപ് സമൂഹത്തില്‍പ്പെടുന്ന റോസ്, നെയ്ൽ, ഹാവ്‍ലോക് ദ്വീപുകളുടെ പേരുകളാണു മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്, നെയ്‌ലിനു ഷഹീദ് ദ്വീപ്, ഹാവ്‍ലോക്കിനു സ്വരാജ് ദ്വീപ് എന്നിവയാണ് മോദി നല്‍കുന്ന പേരുകള്‍

പേരുമാറ്റത്തിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പോർട്ട് ബ്ലെയറില്‍ നാമകരണ ചടങ്ങില്‍ പങ്കെടുക്കും. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-മത്തെ വാർഷികത്തിന്‍റെ ഭാഗമായി 150 മീറ്റർ ഉയരത്തില്‍‌ പോര്‍ട്ട് ബ്ലെയറില്‍ മൂന്നാം തീയതി ഇന്ത്യൻ പതാക ഉയര്‍ത്തും.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ദ്വീപ് ജപ്പാൻ പിടിച്ചെടുത്തപ്പോൾ സുഭാഷ് ചന്ദ്രബോസ് പതാക ഉയർത്തിയിരുന്നു. ദ്വീപുകള്‍ക്ക് ഷഹീദ്, സ്വരാജ് എന്നിങ്ങനെ പേരു നൽകണമെന്ന് അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ സ്മരണയിലാണ് പുതിയ പേരുകള്‍ നല്‍കുന്നത്. 2017 മാർച്ചിൽ ഹാവ്‍ലോക് ദ്വീപിന്റെ പേരു മാറ്റണമെന്ന് ബിജെപി രാജ്യസഭാംഗം എൽ.എ.ഗണേശനാണ് ആവശ്യപ്പെട്ടത്. 

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സർ‌ ഹെന്‍ട്രി ഹാവ്‍ലോക്കിന്റെ പേരാണ് ദ്വീപിന് നൽകിയിരിക്കുന്നത്. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹാവ്‍ലോക്.