മലയാളി യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൊബൈൽ മോഷ്ടിക്കാനുളള ശ്രമത്തിനിടെയാണ് എഴുപുന്ന സ്വദേശി ഗൗതം കൃഷ്ണയെ കൊലപ്പെടുത്തിയതെന്ന് സംഘം മൊഴി നൽകി. 

ബെംഗളൂരു: മലയാളി യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൊബൈൽ മോഷ്ടിക്കാനുളള ശ്രമത്തിനിടെയാണ് എഴുപുന്ന സ്വദേശി ഗൗതം കൃഷ്ണയെ കൊലപ്പെടുത്തിയതെന്ന് സംഘം മൊഴി നൽകി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഈ മാസം 13ന് പുലർച്ചെ ഒരു മണിക്കാണ് ബെംഗളൂരു മജസ്റ്റിക്കിനടുത്ത് മൈസൂർ ബാങ്ക് സർക്കിളിൽ വച്ച് ഗൗതം കൃഷ്ണ കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം നടന്നുവരുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

ബെംഗളൂരു ഡിജെ ഹളളി സ്വദേശി ഷെരീഫ്, ഭാരതി നഗർ സ്വദേശികളായ ജാബിർ, അബ്ബാസ് എന്നിവരാണ് കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസിന്‍റെ പിടിയിലായത്. ഏഴോളം മോഷണക്കേസുകളിൽ പ്രതികളാണ് മൂവരും. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. നഗരത്തിന്‍റെ പലഭാഗങ്ങളിൽ വച്ച് മൊബൈൽ മോഷ്ടിച്ചിട്ടുണ്ടെന്ന് സംഘം മൊഴി നൽകി. 

മൈസൂർ ബാങ്ക് സർക്കിളിൽ മോഷണശ്രമത്തിനിടെ കൊലപാതകം നടത്തിയ കാര്യവും ഇവര്‍ വെളിപ്പെടുത്തി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. മോഷണശ്രമം എതിർത്തപ്പോൾ കത്തിയെടുത്ത് കുത്തിയെന്നാണ് മൊഴി. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നവരായിരുന്നു ഉന്നം.

ഗൗതമിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വൈശാഖിന് മുന്നിൽ ഇവരെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കും. ബെംഗളൂരുവിലെത്തി നാലാം ദിവസമാണ് ഗൗതം കൊല്ലപ്പെട്ടത്. മൂന്നുപേർ പ്രകോപനമില്ലാതെ കുത്തിയെന്നായിരുന്നു വൈശാഖിന്‍റെ മൊഴി.