കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് പൊതുസ്ഥലത്ത് ഇരുന്നു എന്ന പേരില്‍ തമിഴ്നാട്ടില്‍ മൂന്ന് ദളിതരെ ഉയര്‍ന്ന ജാതിക്കാര്‍ വെട്ടികൊലപ്പെടുത്തി

ശിവഗംഗ: കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് പൊതുസ്ഥലത്ത് ഇരുന്നു എന്ന പേരില്‍ തുടങ്ങിയ ജാതി സംഘര്‍ഷത്തില്‍ തമിഴ്നാട്ടില്‍ മൂന്ന് ദളിതരെ ഉയര്‍ന്ന ജാതിക്കാര്‍ വെട്ടികൊലപ്പെടുത്തി. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് ജാതി സം. ഉന്നത ജാതിയില്‍പെട്ടവരാണ് ദലിതരെ കൊലപ്പെടുത്തിയിരിക്കുന്നത്. മേയ് 26 നാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. തൈവെന്തിരന്‍, പ്രഭാകരന്‍ എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരിക്കുകയായിരുന്നു.

ഇതുകണ്ട മുതിര്‍ന്ന ജാതിയില്‍പെട്ടവര്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്. ഇതിന്‍റെ പേരില്‍ പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നീടത് ജാതിപ്രശ്‌നമായി മാറുകയുമായിരുന്നു.ദലിതര്‍ പൊലീസില്‍ പരാതിയി നല്‍കുകയും പൊലീസ് രണ്ട് പേരെ കസ്റ്റഡില്‍ എടുക്കുകയും ചെയ്തു . തുടര്‍ന്ന് ഉന്നതജാതിയില്‍പെട്ടവര്‍ ദലിതരുടെ വീടുകളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. 

വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് അക്രമം നടത്തിയത്. സംഘര്‍ഷത്തില്‍ കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ (31) എന്നിവരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളും മരിച്ചിട്ടുണ്ട്. പൊലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധത്തിലായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് ആരോപണവിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.