ആഗ്ര: പതിനഞ്ച് വയസ്സുകാരനെ മൂന്നുകുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാന്‍ ശര്‍മ്മ (15) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിമൂന്നുവയസ്സുകാരനടക്കം മൂന്നു കുട്ടികളെ പൊലീസ് പിടികൂടി. അമാന്റെ സുഹൃത്തുക്കളായ അമാന്‍ കുഷ്‌വാഹ എന്ന ലക്കി (18) അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ 13 വയസുകാരനാണ്.

അതിക്രൂരമായാണ് കുട്ടികളെ അമാനെ കൊലപ്പെടുത്തിയത്. പലതവണ കുത്തേറ്റ നിലയിലായിരുന്നു അമാന്റെ മൃതദേഹം. തലവെട്ടിമാറ്റിയിരുന്നു. ശരീരം യമുന തീരത്ത് കുഴിച്ചിട്ടു. ഇടതുകയ്യിലെ മൂന്നു വിരലുകളും നഷ്ടപ്പെട്ടിരുന്നു. തല ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച വൈകിട്ടാണ് അമാനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തേക്ക് പോയതായിരുന്നു അമാന്‍ . രാത്രിയോടെ സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഒപ്പം അമാനുണ്ടായിരുന്നില്ല. അമാനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടികളുടെ പെരുമാറ്റം സംശയത്തിനടയാക്കി. തുടര്‍ന്ന് അമാന്റെ വീട്ടുകാ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

അമാന്റെ അമ്മയും മൂന്ന് സഹോദരങ്ങളും കുറച്ചുകാലമായി ലക്കിയുടെ പിതാവ് രാംസഹായ് കുഷ്‌വാഹയ്‌ക്കൊപ്പമാണ്. ഇതില്‍ മനംനൊന്ത് ലക്കിയുടെ അമ്മ ആറു മാസം മുന്‍പ് മരണമടഞ്ഞിരുന്നു. അമ്മയുടെ മരണത്തില്‍ പ്രതികാരം ചെയ്യാന്‍ തക്കംപാര്‍ത്ത് നടക്കുകയായിരുന്നു ലക്കി. ഒടുവില്‍ അമാനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.